Saturday, 5 May 2012

ഇനിയും ക്ഷമിക്കാം നമുക്കീ രക്തദാഹികളോട്, വെറിപിടിച്ച ജന്മങ്ങളോട്!

വെട്ടും കുത്തും കൊലവിളിയും..............!
ഈ നശിച്ച രീതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ടു ആര്‍ക്കാണ് ഗുണം? ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ്?  അമ്മയെയും പെങ്ങളെയും അച്ഛനെയും അനുജനെയും മക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുത്താന്‍ എന്തിനു ഈ സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത നേതാക്കള്‍? ഒരാളെ പച്ചജീവനോടെ കുത്തിയും കുത്തിയും വെട്ടിയും കൊല്ലാന്‍ ആരാണ് മനുഷ്യന് അധികാരം കൊടുത്തത്? അഥവാ അങ്ങനെ ചെയ്യുന്നവരെ മനുഷ്യരെന്നു വിളിക്കാമോ?  മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള അന്തരം വിവേകമാണെന്ന് പറയുകയും, മൃഗങ്ങളെക്കാള്‍ ക്രൂരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ എന്ത് പേരിലാണ് വിളിക്കുക?


കുറെ നാളുകളായി ഇത്തരം പ്രവര്‍ത്തനം ഇല്ലാതിരിക്കുകയായിരുന്നു.  ഇപ്പോള്‍ വീണ്ടും കുടിപ്പകകളും പ്രതിയോഗിയെ ഇല്ലാതാക്കാന്‍ കൊലപാതകം മാര്ഗ്ഗമാക്കുകയും ചെയ്യുന്ന പ്രാകൃത രീതി തിരികെ വന്നിരിക്കുന്നു. 
 

തിരഞ്ഞെടുപ്പുകള്‍, സമ്മേളനങ്ങള്‍, വഴിതടയലുകള്‍ എന്ന് വേണ്ട, എന്ത് തന്നെ ആയാലും സ്നേഹം, പ്രതിബദ്ധത, സാമൂഹ്യനന്മ എന്നൊക്കെ ചിന്തിക്കാതെ, നമ്മുടെ കളങ്കരഹിതമായിരുന്ന കേരളീയ സമൂഹം ഇങ്ങനെ മാറിപ്പോയതിനു ആരാണുത്തരവാദികള്‍?  മുടന്തന്‍ ന്യായങ്ങള്‍ ഒരുപാടു നിരത്താന്‍ ഈ കിരാതര്‍ക്ക് കഴിയും. പക്ഷെ,  മൂല കാരണങ്ങള്‍ കണ്ടുപിടിച്ചു എത്രയും വേഗം തെറ്റ് തിരുത്തിയില്ലെങ്കില്‍ നമുക്ക് നഷ്ടമാകുക വരുന്ന കാലത്തെ തലമുറയ്ക്ക് സൂക്ഷിക്കാന്‍ നമ്മളെ ഏല്‍പ്പിച്ച നന്മയുടെ താക്കോലാകും. 
 
വിദ്യാഭ്യാസത്തിലെ കച്ചവട മനസ്സ്?  വിദ്യാലയങ്ങളിലെ അമിത കക്ഷിരാഷ്ട്രീയം?  രാഷ്ട്രീയനേതാക്കളുടെ സാമൂഹ്യ പ്രതിബദ്ധതയില്ലായ്മ?   അവരുടെ വിദ്യാഭ്യാസമില്ലായ്മ?  അര്‍ഹതയില്ലാത്ത പണം പെരുകുന്നതിന്റെ ധാരാളിത്തത്തില്‍ നിന്നുടലെടുക്കുന്ന അഹങ്കാരം?  ഇനിയും ഒരുപാടു വിഷയങ്ങള്‍ പറയാന്‍ കഴിയും.ഇവയില്‍ പലതിലും കാതലായ തിരുത്തലുകള്‍ ആവശ്യമാണ്‌. രാഷ്ട്രീയത്തിന്റെ നേരും നെറിയും പഠിപ്പിക്കണം.  ജനത്തിന് സ്വതന്ത്രമായി ചിന്തിക്കാനും വേണ്ടതും വേണ്ടാത്തതും തീരുമാനിക്കാനും സ്വതന്ത്രമായ അവസരം നല്‍കണം. സേവനം,  സാമൂഹ്യപ്രവര്‍ത്തനം എന്നാല്‍ നിഷ്കാമ കര്‍മ്മമാണെന്നും ലാഭേച്ഛ‍യോടെ പ്രവര്‍ത്തിക്കുന്നത് എത്രത്തോളം വലിയ തെറ്റാണെന്നും. ചൊട്ടയിലേ പകരണം. പാഴുകളെ തള്ളിക്കളയണം. വിവാദങ്ങളും ചതിയും വഞ്ചനയും, കൊലപാതകങ്ങളും മുന്‍താളില്‍ അനാവശ്യ പ്രാമുഖ്യത്തോടെ നല്‍കുന്ന പത്രമാദ്ധ്യമങ്ങളും,    (അതില്‍ത്തന്നെ ചേരിതിരിവുകള്‍ ദൃശ്യമാണല്ലോ) കൊന്നതിന്റെ തല്‍സമയദൃശ്യങ്ങള്‍ക്ക് വേണ്ടിപ്പോലും ക്യാമറായുമായി പരക്കം പായുന്ന,  തലങ്ങും വിലങ്ങും ഭീകരദൃശ്യങ്ങള്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്ന, വൈരാഗ്യം ത്രസിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ആക്രോശിക്കുന്ന പ്രവണതകള്‍ക്ക് കടിഞ്ഞാണിടണം. 


മാദ്ധ്യമസ്വാതന്ത്ര്യം എന്നാല്‍, മാനുഷിക നന്മയ്ക്ക് വേണ്ടിയല്ലാതെ, മാദ്ധ്യമ കച്ചവടക്കാരുടെ ആര്‍ത്തിമൂത്ത ദുരയ്ക്ക് വേണ്ടിയാകരുത്. പ്രകോപനം, പ്രതികാരം, സ്പര്‍ധ, ശത്രുത,  ഭയം ഒക്കെ ജനിപ്പിക്കുന്ന ദൃശ്യങ്ങളുടെയും വാര്‍ത്തകളുടെയും പ്രക്ഷേപണം എത്രടം വരെ എന്ന് പരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്.  എന്തിന്റെ ആയാലും നന്മകള്‍ വിശദീകരിക്കുന്ന വാര്‍ത്തകള്‍ക്ക്ഇന്ന് ശ്രോതാക്കളും കാഴ്ചക്കാരും ഇല്ലാതായിരിക്കുന്നു.  ആ ദുശ്ശീലം സാധാരണക്കാരില്‍ കുത്തി വച്ചത് ഈ മാദ്ധ്യമങ്ങളുടെ പ്രചാരം വര്‍ധിപ്പിച്ചു പണമുണ്ടാക്കാനുള്ള കിടമത്സരത്തിന്റെ പരിണതഫലമാണ്.


ഇനിയും വൈകിയിട്ടില്ല, തുടക്കം നന്നായാല്‍ എല്ലാം നന്നാകും. കുട്ടികളില്‍ നന്മയുടെ വിത്തുവിതയ്ക്കേന്ട മാതാപിതാക്കള്‍ അവരുടെ ശ്രദ്ധ അല്‍പ്പം വ്യതിചലിച്ചു പോകുന്നില്ലേ എന്ന് ചിന്തിക്കണം. അറിഞ്ഞോ അറിയാതെയോ, നമ്മുടെ കുഞ്ഞുങ്ങളെ സ്വാര്‍ത്ഥതയില്‍ ബിരുദാനന്തര ബിരുദം എടുക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണ് നമ്മില്‍ പലരും.  നഷ്ടം നമുക്ക് മാത്രം.  ആദ്യം കുടുംബത്തില്‍, പിന്നെ സമൂഹത്തില്‍ ധാരാളം നന്മകള്‍ ചെയ്യാന്‍ കഴിവുള്ള ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ ഇനിയും അമാന്തിച്ചു കൂടാ.

 

ഇനിയും ഇതനുവദിച്ചു കൂടാ. ഒരമ്മയ്ക്കും അച്ഛനും ഇങ്ങനെ മകനെ നഷ്ടമാകരുത്.  ഒരു ഭാര്യയെയും വൈധവ്യം നിര്‍ബന്ധി ച്ചേല്പ്പിക്കരുത്. ഒരു മക്കളുടെയും അച്ഛനെ പാതിവഴിയില്‍ പിടിച്ചു പറിക്കരുത്‌. ഒരു സഹോദരനും സഹോദരിക്കും കണ്ണുനീര് തോരാത്ത രാപ്പകലുകള്‍ കൊടുക്കരുത്. ഒരു സുഹൃത്തിനെയും നഷ്ടബോധത്തിന്റെ വിറങ്ങലിച്ച ദിനരാത്രങ്ങളിലേയ്ക്ക് തനിച്ചു തള്ളിവിടരുത്. ഒരു മനുഷ്യനും ചെയ്തുപോയ അരുംകൊലയുടെ  ദുഖഭാരം പേറി ജന്മം മുഴുവന്‍ ഭീതിദനായി അലയരുത്. ഒരു സമൂഹവും ക്രിയാത്മകമായ ജന്മം പാഴാക്കിക്കളയരുത്.

നമുക്കൊരുമിക്കാം. ഒരുമിച്ചു നില്‍ക്കാം. തിന്മയുടെ ശക്തികളെ ഇങ്ങിനിവരാത്തവണ്ണം പലായനം ചെയ്യിക്കാന്‍, കൈകോര്‍ത്തു നില്‍ക്കാം. ഒന്നിച്ചു പറയാം: "ലോകാ സമസ്താ, സുഖിനോ ഭവന്തു"3 comments:

 1. ഒരിടത്ത് സമാധാനജാഥയും പിന്നില്‍ക്കൂടി കൊലപാതകാസൂത്രണവും ചെയ്യുന്ന പാര്‍ട്ടികളും നേതാക്കളും അണികളും...എന്നെങ്കിലും മാറ്റം വരുമോ

  ReplyDelete
 2. ഉണ്ടാകും.അജിത്‌, ഉണ്ടാകണം. ശുഭാപ്തിവിശ്വാസത്തോടെ നമുക്ക് പ്രയത്നിക്കാം.

  ReplyDelete
 3. അതെ, കൊന്നാലും മരിച്ചാലുംകൊന്നവരും ചേര്‍ന്ന് കോളാമ്പി വച്ച് ഉച്ചൈസ്തരം പ്രസ്താവനാമൃതം നടത്തി ചാനലുകാര്‍ക്ക് സമാധാനം നല്‍കും. മരിച്ചവന്റെ ആശയങ്ങളോടു താദാത്മ്യം പ്രപിക്കുന്നെന്നു ഘോരഘോരം വീര വീണ വാക്കുകള്‍ ധാരമുറിയാതെ വിളമ്പിയിട്ട് പോയി (ഒരു പക്ഷെ കൊലയാളികളോടൊപ്പം തന്നെ) മൂക്ക് മുട്ടെ ശാപ്പാടും തട്ടി കിടന്നുറങ്ങും, നാളെ ആരെയാണ് പറ്റിക്കാനുള്ളതെന്നു പോലും ചിന്താഭാരമില്ലാതെ. നാളെയും ഇതൊക്കെ അങ്ങനെതന്നെയെന്ന് അറിയാവുന്നവര്‍ക്ക് എന്ത് ആകുലപ്പെടാന്‍.? അതൊക്കെ നഷ്ടപ്പെട്ടവന്റെ കുടുംബത്തിനു മാത്രം.

  മൂക്ക് മുട്ടെ ശാപ്പാടും തട്ടി കിടന്നുറങ്ങും, നാളെ ആരെയാണ് പറ്റിക്കാനുള്ളതെന്നു പോലും ചിന്താഭാരമില്ലാതെ. തെ, ചോര കണ്ടാല്‍ വിഷമം വരണമെങ്കില്‍ ഹൃദയത്തില്‍ സ്നേഹം,കരുണ, ദുഃഖം എന്നിവയൊക്കെ വേണമല്ലോ.... അതില്ലാത്തവര്‍ക്ക് എന്ത് ധാര്‍മ്മികത?

  ReplyDelete