Friday 15 August 2014

കേരളത്തിൽ നിന്ന് വിദേശങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ വൈദികർ ഇറാക്കിലേയ്ക്കു പോകണം.

കേരളത്തിൽ നിന്ന് വിദേശങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന
ക്രിസ്ത്യൻ വൈദികർ ഇറാക്കിലേയ്ക്കു പോകണം എന്ന് പറയാൻ എന്താ കാരണം?  

വിശ്വാസം, അതല്ലേ എല്ലാം?  സമയം കളയാതെ, എത്രയും വേഗം ക്രിസ്ത്യാനിയായതിന്റെ പേരിൽ മാത്രം ജീവിതം കുരിശിൽ ഹോമിക്കപ്പെടുന്ന ഇറാക്കിലെ സഹോദരന്മാരെ നേരിട്ട് ചെന്ന് സഹായിക്കാൻ വിദേശങ്ങളിൽ ഉള്ള മലയാളി വൈദികരെയും മെത്രാന്മാരെയും ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ സഹായം, സാമീപ്യം അവർക്ക് വലുതായിരിക്കും.
 
കേരളത്തിൽ നിന്ന് യുകെ, യു എസ് എ മുതലായ രാജ്യങ്ങളിൽ കഷ്ടപ്പെട്ട് ജോലിചെയ്യുകയും ക്രിസ്തു അനുയായികളായി  ജീവിക്കുകയും ചെയ്യുന്നവർക്ക്, വീണ്ടും വീണ്ടും പൌണ്ടിന്റെയും ഡോളറിന്റെയും പൊലിമ നോക്കി "സുവിശേഷ പ്രവർത്തനം" നടത്തി "സഹായങ്ങൾ" ചെയ്യുന്ന വൈദികർ എത്രയും വേഗം ഇറാക്കിലെ ക്രിസ്ത്യൻ സഹോദരന്മാരെ ആശ്വസിപ്പിക്കാൻ അവിടങ്ങളിലേയ്ക്ക്‌ ചെന്ന് മാതൃക കാട്ടണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കേരളത്തിൽ പള്ളികളിലും പിന്നെ അത്യാവശ്യം പള്ളിക്കൂടങ്ങളും ആശുപത്രികളുമായി ജീവിക്കുന്ന ബഹുമാന്യ വൈദികരെ അവിടെത്തന്നെ ഉപേക്ഷിക്കുന്നു. അവർക്ക് പറക്കാൻ പാസ്പോർട്ടുകളില്ലല്ലോ...
 
ഇടയ്ക്കിടെ വിദേശരാജ്യങ്ങൾ സന്ദർശിച്ച് തഴക്കവും വഴക്കവും വന്ന മെത്രാന്മാരും ഇറാക്കിലെ ക്രിസ്ത്യാനികളെ, അവരെ സഹായിക്കാനുള്ള അവസരമായി ഇതിനെക്കാണാതെ, പണപ്പിരിവ് നടത്താനുള്ള അനുമതിപത്രമായി ഇടയലേഖനങ്ങൾ പുറപ്പെടുവിക്കാതെ, നേരിട്ട് ഇറാക്കിലേയ്ക്ക് പോകണമെന്ന് അപേക്ഷിക്കുന്നു.  അവരുടെ കയ്യിൽ പണമുണ്ടായിരിക്കില്ല. ജീവൻ കയ്യിലെടുത്തു നടക്കുന്ന അവർ പക്ഷെ, ഉള്ളത് മുഴുവൻ നിങ്ങൾക്ക് തരും.
  
ബർമിംഹാമിലെ ധ്യാനകേന്ദ്രത്തിലെ സോജി ഓലിക്കൽ, എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള സമയക്കുറവുമൂലം ലോകമെമ്പാടും പറന്നു നടന്നു ധ്യാനിപ്പിക്കുന്ന സേവ്യർ വട്ടായിൽ മുതലായവർ പ്രത്യേകം ശ്രദ്ധിക്കുക. (മാർഗേറ്റിലെ പുതിയ കേന്ദ്രത്തിൽ വാർദ്ധക്യജീവിതം നയിക്കുന്ന ജോസഫ് പനക്കലിനെ പ്രായാധിക്യത്തിന്റെ അവശതകൾ മൂലം ഒഴിവാക്കാമെന്നു തോന്നുന്നു) ഒറ്റ ഞൊടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നിങ്ങൾക്ക് സാധിക്കാത്തതു എന്താണുള്ളത് ആൾദൈവങ്ങളേ?  നിങ്ങളുടെ ആഗോള മാർക്കറ്റിംഗിന് ഏറ്റവും ഉചിതമായ സമയമാണിത്. ഒറ്റ നിമിഷംകൊണ്ട് ഇറാക്കിലെ തീവ്രവാദികളെ മാനസാന്തരപ്പെടുത്തൻ നിങ്ങൾക്ക് നിങ്ങളുടെ പ്രത്യേക കഴിവുകൾ ഉപയോഗിക്കാൻ കഴിയുമല്ലോ. അവരുടെ കയ്യിൽ പണമുണ്ടായിരിക്കില്ല. ജീവൻ കയ്യിലെടുത്തു നടക്കുന്ന അവർ പക്ഷെ, നിങ്ങൾക്കും ഉള്ളത് മുഴുവൻ തരും.
 
"സീറോ മലബാർ" എന്ന പ്രത്യേകത നിറഞ്ഞ ശാഖ വളർത്താനെത്തി, ഓടി നടന്നു "കുബാന, വെഞ്ചരിപ്പുകൾ, ഭവനസന്ദർശനം, മാമോദീസ, ആദ്യകുർബാന" മുതലായ ആഘോഷക്കച്ചവടങ്ങൾ നടത്തുന്ന ബഹുമാന്യരായവർക്കും ഈ അഭ്യർത്ഥന ബാധകമാണ്.  ഇറാക്കിലെ ക്രിസ്ത്യാനികൾക്ക് മറ്റാരേക്കാളും നിങ്ങളുടെ സാമീപ്യം ആവശ്യമാണ്‌. മേൽപ്പറഞ്ഞവ കൂടാതെ അന്ത്യകൂദാശ ഒരൈറ്റമാക്കിയാൽ ഇറാക്കിൽ അതിനു നല്ല പിടിയുണ്ടാകും.
 
നിസ്വാർത്ഥ സ്നേഹം പകരാനെത്തി, കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കരാകാൻ ആഹ്വാനം ചെയ്ത ക്രിസ്തുവിന്റെ നാമത്തിൽ അന്നന്നത്തെയപ്പം കണ്ടെത്തുന്ന പുരോഹിതവർഗ്ഗത്തിൽപ്പെട്ട വൈദികരും പാസ്റ്റർമാരും ഉടനടി അശരണരായ ക്രിസ്തുസാക്ഷികളെ രക്ഷിപ്പാൻ ഇറാക്കിലേയ്ക്ക് പോകണം. സാമൂഹ്യ അനീതിയ്ക്കെതിരെ പടവാളോങ്ങുകയും കച്ചവടക്കാരെയും നാണയമാറ്റക്കാരെയും തല്ലിയോടിക്കുകയും ചെയ്തവനാണ് നസ്രായനായ ക്രിസ്തു.  ശാന്തമായി, ശത്രുവിനെ സ്നേഹിച്ചുകൊണ്ട്,  സ്വജീവൻ ലോകജനതയ്ക്കായി നല്കിയ ക്രിസ്തു കുരിശിലേറി എന്ന് നാഴികയ്ക്ക് നാല്പ്പത് വട്ടം പറയുന്ന, ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ എന്നവകാശപ്പെടുന്ന നിങ്ങൾ, തങ്ങളുടെ ധ്യാനകേന്ദ്രങ്ങളുടെ അതി-തീവ്രതാ സമയത്ത് ബലഹീനരായ പാവങ്ങളുടെ നിസ്സഹായാവാസ്ഥ മുതലെടുത്ത്‌ സാക്ഷ്യം പറയിപ്പിക്കുന്നതിനേക്കാൾ എത്രയോ സത്യമാണ് ജീവിതസാക്ഷ്യം കൊണ്ടുതന്നെ ക്രിസ്തുവിന്റെ അനുയായി എന്ന ഒരൊറ്റ കുറ്റത്തിന്  ക്രിസ്തുവിന്റെ പീഢാസഹനത്തെ അനുസ്മരിപ്പിക്കുമാറ് ഭീകരമായി ദേഹോപദ്രവം ചെയ്തശേഷം കുരിശിൽ തറച്ചു കൊല്ലപ്പെടുന്ന വിശ്വാസികളുടേത്. ഇറാക്കിലെ ആ പാവം വിശ്വാസികളുടെ നിസ്സഹായാവസ്ഥ കാണാൻ നിങ്ങൾക്ക് കണ്ണില്ലേ? എവിടെപ്പോയി നിങ്ങളുടെ എല്ലാം ത്ര്യജിച്ച ഭാവം?
 
ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ പീഢാസഹനം നാടകം പോലെ കാണിക്കുന്നവർ, അതിന്റെ പേരിൽ വിശ്വാസികളിൽ നിന്ന് പണം പിടുങ്ങുന്നവർ ആ സഹനം നേരിട്ട് കാണാനെങ്കിലും ഇറാക്കിൽ പോകണം.  അത്രത്തോളം മനസ്സും മനഃസാക്ഷിയും മരവിച്ചവരാണെങ്കിൽ ഒന്നുമില്ലെങ്കിലും കുറെയേറെ പുണ്യവാളമാരെയും പുണ്യവതികളെയും കണ്ടെത്താനും അത് വഴി ഓരോ പള്ളികളിലും പുത്തൻരൂപങ്ങളും അതിന്റെപേരിൽ "പെരുന്നാളുകളും" നടത്തി ധനസമ്പാദനം ഊർജ്ജിതപ്പെടുത്താനുമെങ്കിലും പ്രയോജനപ്പെടും.
 
അല്മായരായ കുഞ്ഞാടുകൾ പോയി എല്ലാം നോക്കിയിട്ട് വരൂ ഞങ്ങൾ പിന്നാലെ എന്ന പഴയ സൂത്രം വേണ്ട. കുടുംബവും കൂട്ടവുമില്ലാതെ തിന്നുകൊഴുത്തു ജീവിക്കുന്ന, എല്ലാം ത്യജിച്ചവർ എന്ന് സ്വയം പുകഴ്ത്തുന്ന നിങ്ങൾതന്നെ ദയവായി മാതൃക കാണിക്കൂ...  വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന് ക്രിസ്തു  വിളിച്ചത് നിങ്ങളെയാണ് എന്നാക്ഷേപിക്കുന്നവരോടുള്ള ഒരു മറുപടിയുമാകുമത്. പാസ്പോർട്ട് എടുക്കാനുള്ള കാലതാമസം വേണ്ടല്ലോ, അതുള്ളവരല്ലേ. അല്ലെങ്കിൽത്തന്നെ, റിയാലിന്റെ സൗദി അറേബ്യ പോലെയുള്ള ഒരു രാജ്യത്ത് അധോലോക സുവിശേഷ പ്രവർത്തനം നടത്തുന്ന ധീരന്മാർക്കാണോ ഇറാക്ക് ഒരു വലിയ പ്രശ്നമാകുക?
 
അതുകൊണ്ട്, കേരളത്തിൽ നിന്ന് അമേരിക്ക, യൂറോപ്പ്,  ആസ്ത്രേലിയ  മുതലായ വിദേശരാജ്യങ്ങളിലും സൗദി അറേബ്യ ഒഴികെയുള്ള ഗൾഫ് നാടുകളിലും പരസ്യമായും സൗദി അറേബ്യയിൽ രഹസ്യമായും സുവിശേഷപ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ വൈദികർ ദയവായി എത്രയും വേഗം ഇറാക്കിലേയ്ക്കു പോകണം.
 
ക്രൂശിതനായ ക്രിസ്തുവിനെ ഏറ്റവും കൂടുതൽ ആവശ്യമുള്ളവരായത് കൊണ്ട്  നിങ്ങൾ എത്രയും വേഗം പോകുവാരിക്കും. അല്ലെ?
 
അല്ല, വിശ്വാസം, അതല്ലേ എല്ലാം...!
 
സസ്നേഹം, എല്ലാ വിജയങ്ങളും നേർന്നു കൊണ്ട്,
ഒരു വിശ്വാസി.

ഒരപേക്ഷ: പോയിട്ട് ക്രൂശിതനാകാൻ കൃപയുണ്ടായാൽ, ആ വിധിയുണ്ടായാൽ
പത്രോസിനെപ്പോലെ, തലകീഴായി കുരിശിൽ തറയ്ക്കാൻ പറയും എന്ന് വിശസിക്കുന്നു.

എന്നാണിവർ മനുഷ്യരെ മനുഷ്യരായിക്കാണുക?